കഥ : പിണക്കം
ചെറിയ മഴയുണ്ടെങ്കിലും ആകാശം പതുക്കെ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ പഴങ്ങളും പച്ചക്കറികളും വിൽപ്പനയ്ക്കായി ഓട്ടോയിൽ വീടിനു മുന്നിലുള്ള റോഡിലൂടെ കൊണ്ടുവരും. ആവശ്യമുള്ളവ അപ്പോഴാണ് വാങ്ങുക. ഓട്ടോയുടെ ഹോൺ ശബ്ദം കേൾക്കുമ്പോഴേക്ക് വീടുകളിൽ മുൻവാതിൽ തുറന്ന് എല്ലാരും റോഡരുകിലേക്ക് വരും .
കുറച്ചു ദിവസങ്ങളേ ആയുള്ളൂ ഞങ്ങളുടെ അടുത്ത വീട്ടിൽ താമസക്കാർ വന്നിട്ട്. അവിടത്തെ സ്ത്രീയെക്കണ്ടാൽ ഏകദേശം അറുപത്തഞ്ച് വയസ്സ് പ്രായം തോന്നും. പക്ഷേ മുഖത്ത് ചായം പൂശിയും ചുണ്ട് ചുവപ്പിച്ചും മുടി കറുപ്പിച്ചും പുറത്തേക്ക് പോകുമ്പോൾ നാല്പത്തഞ്ച് വയസ്സേ തോന്നൂ. അപ്പോൾ അവരുടെ മുന്നിൽ കാണുന്നവരെയെല്ലാം അങ്കിൾ, ആന്റി എന്നൊക്കെ വിളിച്ച് ചെറുപ്പാണെന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചിരുന്നു.
പച്ചക്കറിക്കാരന്റെ ഓട്ടോ വന്നപ്പോൾ ഞാനും പച്ചക്കറി വാങ്ങാൻ റോഡിലേക്കിറങ്ങി. അയൽക്കാരിയായ ആ സ്ത്രീയും പുറത്തേക്ക് വന്നു.
പച്ചക്കറി വാങ്ങുന്നതിനിടയിൽ കുടപ്പൻ ഉണ്ടോ എന്ന ചോദ്യത്തിന്, ഇന്നില്ല നാളെ കൊണ്ടുവരാമെന്ന് അയാൾ മറുപടി പറഞ്ഞു. ഉടനെ തന്നെ എന്റെ നേരെ തിരിഞ്ഞ്, ആന്റീ നാളെ വാങ്ങി വച്ചേക്കുമോ. ഞാൻ പൈസ തന്നേക്കാം എന്ന സംസാരം കേട്ട് ഞാൻ ചുറ്റും നോക്കി. ഞാനല്ലാതെ മറ്റാരും അവിടെയുണ്ടായിരുന്നില്ല.
അവരുടെ ഒരു ജാട കണ്ടില്ലേ. എനിക്ക് അവരുടെ പ്രായം പോലും തോന്നൂല്ല. എന്നിട്ട് എന്നെ ആൻറിയൊന്നാണ് വിളി. അവരുടെ മുഖത്തേക്ക് ദയനീയമായി നോക്കി ഒന്നും മിണ്ടാതെ പടി കടന്ന് അകത്തേക്ക് പോയി.
( മേരി തോമസ് )
story
SHARE THIS ARTICLE