All Categories

Uploaded at 17 hours ago | Date: 13/10/2025 06:52:08

*സമത്വവും സുന്ദരവുമായ മികച്ച ഭാവി തേടല്‍: അതിരുകളില്ലാതെ പറന്നുയരട്ടെ ഓരോ പെണ്‍കുട്ടിയും, ശാക്തീകരിക്കാം നമ്മുടെ പെൺകുട്ടികളെ*
നമ്മുടെ സമൂഹത്തില്‍ ഈ നൂറ്റാണ്ടില്‍ പോലും പല പെണ്‍കുട്ടികള്‍ക്കും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്.
ഇന്ന് ആരെങ്കിലും ലിംഗപരമായ മുൻഗണന എന്ന വിഷയം ഉന്നയിച്ചാൽ, നിങ്ങളുടെ പ്രതികരണം എങ്ങനെയായിരിക്കും?
വിദ്യാഭ്യാസവും ജോലിയും വിഭവങ്ങളും ലഭ്യമാകുന്ന പെൺകുട്ടികൾ,  ഇന്ന്, കൂടുതൽ സ്ത്രീകൾ അധികാര സ്ഥാനങ്ങൾ വഹിക്കുകയും എല്ലാ മേഖലകളിലും വലിയ പുരോഗതി കൈവരിക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്പോഴും ഈ അവസരങ്ങൾ ലഭിക്കാത്ത സ്ത്രീകളുടെയും പെൺകുട്ടികളുടെയും കാര്യമോ? ജീവിക്കാൻ പോലും അവസരം ലഭിക്കാത്തവരുടെ കാര്യമോ?
നാം എപ്പോഴെങ്കിലും അവരെ പറ്റി ഓർത്തിട്ടുണ്ടോ ,ചോദിച്ചിട്ടുണ്ടോ നമ്മടെ ഏവരുടെയും മനസ്സാക്ഷിയെ പിടിച്ചുലത്തുന്ന ചോദ്യമായി എന്നും, ഇന്നും സമൂഹത്തിൽ അവശേഷിക്കുന്നു
പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ ആഴത്തിൽ വേരൂന്നിയ പ്രശ്‌നകരമായ മാനസികാവസ്ഥകളും തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന പ്രശ്‌നങ്ങളും, പോഷകാഹാരം, നിയമപരമായ അവകാശങ്ങൾ, ചികിത്സാ പരിരക്ഷ എന്നിവയിൽ നിലനിൽക്കുന്ന അസമത്വം, ലിംഗാധിഷ്ഠിത അടിച്ചമർത്തലും വിവേചനം എന്നിവ  ഭയാനകമാംവിധം സാധാരണമായിരിക്കുന്നു. 
നമ്മുടെ സമൂഹത്തില്‍ പലയിടത്തുമുള്ളത് അവരുടെ ഇഷ്ടങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും അവരുടെ സ്വപ്‌നങ്ങള്‍ക്കും ഭാവിയ്ക്കും പരിധികള്‍ നിശ്ചയിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. 
ലിംഗവിവേചനമില്ലാത്ത, സ്വാതന്ത്ര്യത്തിന്റെ    ലോകം ഓരോ പെണ്‍കുട്ടിയുടെയും സ്വപ്‌നമാണ്. 
യുവത്വം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഒരു വഴിത്തിരിവാണ്. അത് പെൺകുട്ടികളുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്നു. ചെറുപ്പത്തിലും യൗവനത്തിലും ദുർബലമായ പ്രായത്തിലും അവർക്ക് ശാക്തീകരണം ലഭിക്കുകയാണെങ്കിൽ, അവർക്ക് ഭാവിയിലെ വിമോചിതരും പ്രബുദ്ധരുമായ സ്ത്രീകളായി വളരാൻ കഴിയും. 
പെണ്‍കുട്ടികളെ ശാക്തീകരിക്കുന്നതിനും ലോകമെമ്പാടുമുള്ള അവരുടെ ഒത്തൊരുമ വര്‍ധിപ്പിക്കുകയും ലക്ഷ്യമിട്ട് ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനമായി ആചരിക്കുന്നു. പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും ലിംഗവിവേചനം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയ വെല്ലുവിളികളെക്കുറിച്ച് അവബോധം വളർത്താനും ഈ ദിനം ലക്ഷ്യമിടുന്നു.
നമ്മുടെ ലോകത്തെ പ്രകാശിപ്പിക്കുന്ന പെൺകുട്ടികളെ അഭിനന്ദിക്കാൻ നടത്തുന്ന സമൂഹത്തിന്റെ ശക്തമായ ചുവടുവയ്പ്പാണ്, വിജയമാണ്.
പെൺകുട്ടികൾ അനുഭവിക്കുന്ന വെല്ലുവിളികളിൽ അന്താരാഷ്ട്ര സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞതിൽ നിന്നാണ് ഈ ദിനത്തിന്റെ തുടക്കം.
പെൺകുട്ടികളുടെ പുരോഗതി ഉറപ്പുവരുത്തുക, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുക സ്ത്രീയായതിന്റെ പേരിൽ അവർ നേരിടുന്ന ലിംഗ അസമത്വത്തെക്കുറിച്ചു ബോധവാന്മാരാക്കുക, പെൺകുട്ടികൾക്കായി കൂടുതൽ അവസരങ്ങൾ ഒരുക്കുക എന്നിവയാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. 
ലോകജനസംഖ്യയുടെ പകുതിയും പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും ശാക്തീകരണം ഉറപ്പുവരുത്തുന്നത് സുസ്ഥിരവികസനം വേഗത്തിലാക്കുന്നതിന് നിർണ്ണായകമാണ്. അതിനാൽ, ഇത് കൈവരിക്കുന്നതിനുള്ള സുപ്രധാനപാതയാണ് ബാലികാദിനമെന്ന് കണക്കാക്കപ്പെടുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവയിൽ അവർക്ക് തുല്യാവകാശം ഉറപ്പാക്കുകയാണ് പ്രധാനം. ഒരു പെൺകുട്ടിക്ക് വിദ്യാഭ്യാസം നൽകുമ്പോൾ, നിങ്ങൾ ഒരു രാഷ്ട്രത്തിന് വിദ്യാഭ്യാസം നൽകുന്നു. ഓരോ പെൺകുഞ്ഞിന്റെയും പ്രാധാന്യത്തെയും, അവരുടെ ശാക്തീകരണം ഒരു സമൂഹത്തിന് എത്രത്തോളം അനിവാര്യമാണെന്നതിനെയും അടിവരയിടുന്നതാണ് ഈ വാക്കുകൾ. 
ആഗോള തലത്തിൽ പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും, അവർക്കെതിരായ വിവേചനങ്ങൾ ഇല്ലാതാക്കുകയും, വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ തുടങ്ങിയ മേഖലകളിൽ അവർക്കു തുല്യാവകാശം ഉറപ്പാക്കുകയും ചെയ്യാനുള്ള ഒരു ആഹ്വാനമാണ് ഈ ദിനം.
ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലായ പെൺകുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസാവകാശം നിഷേധിക്കപ്പെടുന്നു. ശൈശവവിവാഹം, പീഡനം, തൊഴിൽ ചൂഷണം, ലിംഗ അസമത്വം, തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്നു. 
പെൺകുട്ടികൾ സമൂഹത്തിൽ നേരിടുന്ന അനീതികൾക്കെതിരെ നാം ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.
പെൺകുട്ടികൾക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ഒരു സര്‍ക്കാരിതര, അന്താരാഷ്ട്ര പ്രവര്‍ത്തന പദ്ധതി എന്ന നിലയിലാണ് ഈ ദിനാചരണം ആരംഭിക്കുന്നത്. 
1995 -ല്‍ ബീജിംഗിൽ നടന്ന ലോക വനിതാ സമ്മേളനത്തിൽ പെൺകുട്ടികളുടെ പ്രശ്‌നങ്ങൾക്കു വേണ്ടി ഒരു പ്രത്യേക പരിപാടിക്ക് രൂപം നൽകേണ്ടതിന്റെ അനിവാര്യത തിരിച്ചറിയുന്നു. 2011 ഡിസംബർ 19-ന് യു. എൻ പൊതുസഭ ഒക്ടോബർ 11 അന്താരാഷ്ട്ര ബാലികാദിനമായി പ്രഖ്യാപിക്കുന്നു. 2012 ഒക്ടോബർ 11-നാണ് ആദ്യത്തെ ബാലികാദിനം ആഘോഷിക്കുന്നത്. 
ചെറുപ്പക്കാരായ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ സംബോധന ചെയ്യുക ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തിൽ ഉയർന്നുവന്ന ഒരു സർക്കാരിതര പരിപാടിയാണ് ഈ ദിനത്തിനു തുടക്കം കുറിച്ചത്. കനേഡിയൻ മന്ത്രിയായിരുന്ന റോണ അംബ്രോസാണ് പെൺകുട്ടികൾക്കുവേണ്ടി അന്താരാഷ്ട്രതലത്തിൽ ഒരു ദിനം വേണമെന്ന പ്രമേയം ആദ്യമായി യുഎൻ പൊതുസഭയിൽ അവതരിപ്പിച്ചത്. 
2025 ലെ അന്താരാഷ്ട്ര ബാലികാദിനത്തിന്റെ പ്രമേയം, പ്രതിസന്ധി സാഹചര്യങ്ങളിൽ പെൺകുട്ടികളെ വെറും ഇരകളായി കാണാതെ പ്രതിരോധശേഷിയുള്ള നേതാക്കളായും മാറ്റത്തിനുള്ള ഏജന്റുകളായും കാണുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 
യുദ്ധം, സംഘർഷം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ മാനവീയവും പരിസ്ഥിതിയും സംബന്ധമായ പ്രതിസന്ധികൾ പെൺകുട്ടികളെ അനുപാതികമായി കൂടുതൽ ബാധിക്കുന്നു എന്നതാണ് ഈ പ്രമേയം ചുണ്ടികാട്ടുന്നത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍  പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നു.
ലോകമെമ്പാടുമുള്ള സ്ത്രീകളുടെ അവകാശ സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിക്കാനും അവരുടെ കരുത്തിനെയും കഴിവുകളെയും അംഗീകരിക്കാനും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കാനുമുള്ള അവസരമാണ് ഈ ദിനാചരണം ഒരുക്കുന്നത്. 
എന്റെ മകൾക്കായി നമ്മുടെ ഓരോരുത്തരുടെയും മക്കൾക്കായി.
*ഡോ ആശിഷ് രാജശേഖരൻ*

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.