*ദീപാവലി: ചരിത്ര താളുകളിലൂടെ*
ദീപാവലി, വിളക്കുകളുടെ ഉത്സവം, ഇന്ത്യയിലുടനീളം സന്തോഷത്തോടെയും ഉത്സാഹത്തോടെയും ആഘോഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ്.
സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമായി ഇത് കണക്കാക്കപ്പെടുന്നു. ദീപങ്ങളുടെ ഉത്സവം തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്നു. സന്തോഷകരമായ സന്ദർഭം; മതഭേദമന്യേ ആളുകളെ ഒന്നിപ്പിക്കുന്നു. കുടുംബ വിരുന്നുകളിൽ പങ്കെടുക്കുന്നു, അവിടെ മധുരപലഹാരങ്ങളും സമ്മാനങ്ങളും പങ്കിടുന്നു.
ദീപാവലി വിവിധ സംഭവങ്ങളുമായും ദേവതകളുമായും വ്യക്തിത്വങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അസുരരാജാവായ രാവണനെ പരാജയപ്പെടുത്തി രാമൻ ഭാര്യ സീതയോടും സഹോദരൻ ലക്ഷ്മണനോടും ഒപ്പം അയോധ്യയിലെ തന്റെ രാജ്യത്തേക്ക് മടങ്ങിയ ദിവസം. സമൃദ്ധിയുടെ ദേവതയായ ലക്ഷ്മിയുമായും, ജ്ഞാനദേവനും തടസ്സങ്ങൾ നീക്കുന്നവനുമായ ഗണേശനുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഭഗവാന്‍ കൃഷ്ണന്‍ നരകാസുരനെ വധിച്ചതിന്റെ സ്മരണയ്ക്കായാണ് കേരളത്തില്‍ ചിലയിടങ്ങളില്‍ ദീപാവലി ആഘോഷിക്കുന്നത്.
ഈ ഉത്സവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ് ഉത്ഭവിച്ചത്, പുരാതന ഇന്ത്യയിലെ വിളവെടുപ്പ് ഉത്സവങ്ങളുടെ സംയോജനമായിരിക്കാം ഇത്. ഏഴാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനും ഇടയിൽ രചിക്കപ്പെട്ട പത്മപുരാണം, സ്കന്ദപുരാണം തുടങ്ങിയ ആദ്യകാല സംസ്കൃത ഗ്രന്ഥങ്ങളിൽ ഇത് പരാമർശിക്കപ്പെടുന്നു . പുരാണത്തിൽ ദീപങ്ങൾ/ വിളക്കുകൾ സൂര്യന്റെ ഭാഗങ്ങളെ പ്രതീകപ്പെടുത്തുന്നതായി പരാമർശിക്കപ്പെടുന്നു. ഇത് എല്ലാ ജീവജാലങ്ങൾക്കും പ്രകാശവും ഊർജ്ജവും നൽകുന്ന പ്രപഞ്ച ദാതാവായി മാറുന്നതായും വിവരിക്കുന്നു.
ഒൻപതാം നൂറ്റാണ്ടിലെ കാവ്യമീമാംസയിൽ ദീപാവലിയെ ദീപമാലിക എന്നാണ് വിശേഷിപ്പിച്ചത്. പതിനാറാം നൂറ്റാണ്ടിലെ പോർച്ചുഗീസ് സഞ്ചാരിയായ ഡൊമിംഗോ പേസ് വിജയനഗര സാമ്രാജ്യത്തിലേക്കുള്ള തന്റെ സന്ദർശനത്തെക്കുറിച്ച് എഴുതിയ വിവരണത്തിൽ , അവിടെ ഒക്ടോബറിൽ വീട്ടുകാർ അവരുടെ വീടുകളും ക്ഷേത്രങ്ങളും വിളക്കുകൾ കൊണ്ട് പ്രകാശിപ്പിച്ചുകൊണ്ട് ഈ ഉത്സവം ആഘോഷിക്കുന്നതായി പരാമർശിച്ചിട്ടുണ്ട്.
ജർമ്മൻ ഇൻഡോളജിസ്റ്റായ ലോറൻസ് ഫ്രാൻസ് കീൽഹോൺ പറയുന്നതനുസരിച്ച്, പതിമൂന്നാം നൂറ്റാണ്ടിലെ വേണാട് ഹിന്ദു രാജാവായ രവിവർമ്മൻ സംഗ്രാമാധിരന്റെ രംഗനാഥ ക്ഷേത്ര സംസ്കൃത ലിഖിതത്തിലെ 6, 7 ശ്ലോകങ്ങളിൽ ഈ ഉത്സവം ദീപോത്സവം എന്നാണ് പരാമർശിച്ചിരിക്കുന്നത്.
ദീപാവലി എല്ലാവരുടെയും ജീവിതത്തെ പ്രകാശവത്ക്കരിക്കുകയും ബന്ധങ്ങളെ ശക്തമാക്കുകയും ചെയ്യട്ടെ.
*ഡോ ആശിഷ് രാജശേഖരൻ*
kerala
SHARE THIS ARTICLE