ആരോഗ്യം
നടുവേദന
ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് നടുവേദന. ആയുർവേദം അനുസരിച്ച്, നടുവേദന പലപ്പോഴും നാഡീവ്യവസ്ഥയുടെ ചലനത്തിനും പ്രവർത്തനത്തിനും കാരണമായ വാത ദോഷത്തിന്റെ ഏറ്റക്കുറച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നു. ദോഷത്തിന്റെ സമാവസ്ഥ പുനഃസ്ഥാപിക്കുക, പുറകിലെ ശരീര പേശികളെയും നട്ടെല്ലിനെയും ശക്തിപ്പെടുത്തുക, വഴക്കം വർദ്ധിപ്പിക്കുക, ഭാവിയിൽ ഇവ വരാതെ തടയാൻ മൂലകാരണം പരിഹരിക്കുക എന്നിവയാണ് ചികിത്സകളുടെ ലക്ഷ്യം. സാധാരണ ചികിത്സകളോട് പ്രതികരിക്കാത്ത വിട്ടുമാറാത്ത നടുവേദനയ്ക്ക് പോലും ആയുർവേദത്തിന്റെ വ്യക്തിഗത പ്രകൃതികളും ധാതുദോഷ വികൃതികളും പരിഗണിച്ചുളള ചികിത്സകൾ ആശ്വാസം നൽകാറുണ്ട്.
നട്ടെല്ലുമായി ബന്ധപ്പെട്ടവ, ബന്ധം ഇല്ലാത്തവ എന്നിങ്ങനെ നടുവേദനയുടെ കാരണങ്ങളെ രണ്ടായി തിരിക്കാം.സ്കോളിയോസിസ്, കൈഫോസിസ്, സന്ധിവാതം, ഡിസ്ക് തേയ്മാനം, ആർത്തവ പൂർവ അസ്വാസ്ഥ്യങ്ങൾ, ജീവിതരീതിയിലെ പ്രശ്നങ്ങൾ (ജോലി, ആഹാരം, കിടപ്പ്, നടത്തം, നിൽപ്പ് മുതലായവയുടെ രീതി, കായികാധ്വാനം, സ്പോർട്സ് മുതലായവയുമായി ബന്ധപ്പെട്ടവ), മാനസികസമ്മർദ്ദങ്ങൾ, എന്നിവയൊക്കെ നടുവേദനയിലേക്ക് നയിക്കാം. നടുവേദന കാലുകളിലേക്കും കഴുത്തിലേക്കും പടരുന്ന അവസ്ഥയും ഉണ്ടാകാം. പ്രത്യേകിച്ച് രാവിലെയോ ദീർഘനേരം വിശ്രമിച്ചതിനു ശേഷമോ നട്ടെല്ലിൽ അനുഭവപ്പെടുന്ന വിട്ടുമാറാത്ത അസ്വസ്ഥതയും കാഠിന്യവും മറ്റും. നട്ടെല്ലിൽ അണുബാധ ഉണ്ടാകുമ്പോൾ, അത് നടുവേദനയ്ക്കൊപ്പം നിരവധി നാഡീസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമാകും.
ആയുർവേദത്തിൽ കടീശൂലം, കടീഗ്രഹം, പൃഷ്ഠശൂലം, ത്രികശൂലം, ത്രികഗ്രഹം, ഗൃധ്രസി എന്നിങ്ങനെ പലരീതിയിൽ നടുവേദനയേയും അനുബന്ധ രോഗങ്ങളെയും കുറിച്ചുളള ധാരാളം വിശദീകരണങ്ങൾ ഉണ്ട്. വാതനാനാത്മജ വ്യാധികൾ എന്ന രീതിയിൽ ഇവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സകൾ എന്നിവ സമഗ്രമായി പ്രതിപാദിക്കുന്നുമുണ്ട്.
വിവിധതരം കഷായങ്ങൾ, കുഴമ്പുകൾ, തൈലങ്ങൾ, ഗുളികകൾ എന്നിവയും നിരവധി ചികിത്സാരീതികളുമാണ് ആയുർവേദത്തിൽ നടുവേദനയുടെ പരിഹാരമായി നിർദ്ദേശിച്ചിരിക്കുന്നത്.
ചൂടുള്ള എണ്ണയോ ഔഷധ കഷായങ്ങളോ ഉപയോഗിക്കുന്ന ഒരു മികച്ച ചികിത്സയാണ് കടീവസ്തി. വേദനയും വീക്കവും കുറയ്ക്കുകയും സന്ധികളെ അയവുളളതാക്കുകയും അസ്ഥികൾ, ലിഗമെന്റുകൾ, ഞരമ്പുകൾ, ലംബോസാക്രൽ (നട്ടെല്ലിന്റെ കീഴ്ഭാഗം) മേഖലയിലെ പേശികൾ എന്നിവയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
ഔഷധസസ്യങ്ങൾ പ്രത്യേക രീതിയിൽ തയ്യാറാക്കിയെടുത്ത് ഒരു തുണിയിൽ പൊതിഞ്ഞ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രീതിയാണ് പത്രപിണ്ഡസ്വേദം. ഇലക്കിഴി എന്നറിയപ്പെടുന്ന ഈ ചികിത്സ വേദനയും വീക്കവും ബലമില്ലായ്മയും വളരെ ഫലപ്രദമായി പരിഹരിക്കുന്നു.
എണ്ണയും ചൂടും സംയോജിപ്പിച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുന്ന ചികിത്സയാണ് പിഴിച്ചിൽ. ശരീരത്തിലെ നാഡികളെയും പേശികളെയും തരുണാസ്ഥികളെയും ബാധിക്കുന്ന നീർക്കെട്ടിനും മറ്റും ഏറെ ഫലപ്രദമാണ് ഈ ചികിത്സ.
പാലും ഔഷധ കഷായങ്ങളും ഉപയോഗിച്ച് സംസ്കരിച്ച ശേഷം ഞവര
അരി ഉപയോഗിച്ചാണ് ഞവരക്കിഴി ചെയ്യുന്നത്.
ഔഷധ എണ്ണകളുടെ ബാഹ്യ പ്രയോഗം ആണ് കടീ പിചു.
തൈലധാര, കഷായധാര എന്നിവയും ചികിത്സകളിൽ ഉൾപ്പെടുന്നു. വിവിധതരം സ്നേഹവസ്തികളും നടുവേദന ചികിത്സകളിൽ പെടുന്നു.
ദിവസവും കുളിക്കുന്നതിനുമുമ്പ് തേച്ചുപിടിപ്പിക്കാവുന്ന തൈലങ്ങളും കുഴമ്പുകളും ഉണ്ട്. അകത്തേക്ക് കഴിക്കാവുന്ന മരുന്നുകളും ഉണ്ട്. യോഗയടക്കമുളള വ്യായാമമാർഗ്ഗങ്ങളും നിരവധിയാണ്. ഇവയൊക്കെ നടുവേദനയുടെ തീവ്രത ലഘൂകരിക്കുന്നു. ശരിയായ ഔഷധങ്ങളും യോജിച്ച ചികിത്സകളും ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രം തിരഞ്ഞെടുക്കണം.
Dr. കെ.എ. രവി നാരായണൻ BAMS, PG Dip in Journalism
ഫോൺ - 8301040304
kerala
SHARE THIS ARTICLE