മരിയ ജെ. പടയാട്ടിക്ക് പൗരാവലിയുടെ ആദരം
കേരള പോലീസ് സർവീസിൽ ഹവിൽദാർ ആയ നീന്തൽ താരം, പറവൂർ തൂയിത്തറ പടയാട്ടി വീട്ടിൽ മരിയ ജെ. പടയാട്ടിയെ തൂയിത്തറ -കൊറ്റിച്ചിറപാടം പൗരാവലി ആദരിച്ചു.
കഴിഞ്ഞ മാസം അമേരിക്കയിലെ അലബാമയിൽ നടന്ന ലോക പോലീസ് & ഫയർ ഗെയിംസിൽ ഭാരതത്തിനു വേണ്ടി മൂന്ന് സ്വർണവും, രണ്ട് വെള്ളിയും, രണ്ട് വെങ്കലവും ഉൾപ്പെടെ 8 മെഡലുകൾ കരസ്ഥമാക്കിയിരുന്നു.
അതിനു മുന്നോടിയായി മാർച്ച് മാസത്തിൽ ഗുജറാത്തിൽ നടന്ന നാഷണൽ പോലീസ് അക്വാട്ടിക് മീറ്റിൽ 7 സ്വർണ്ണം ഉൾപ്പെടെ 10 മെഡലുകൾ നേടിയിരുന്നു.
ചെറിയപല്ലംതുരുത്ത് അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സമ്മേളനം പ്രതിക്ഷ നേതാവ് അഡ്വ. വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.
ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാർ അധ്യക്ഷയായി.
പൗരാവലിയുടെ പുരസ്കാരം അഡ്വ. വി. ഡി സതീശൻ എംഎൽഎയും, ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്തിന്റെ പുരസ്കാരം പ്രസിഡൻറ് ശാന്തിനി ഗോപകുമാറും സമർപ്പിച്ചു. മരിയയുടെ ആദ്യകാല കായിക അധ്യാപിക ലിസി ടീച്ചറും ഉപഹാരം നൽകി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷാരോൺ പനക്കൽ, പോലീസ് സേനയെ പ്രതിനിധീകരിച്ച് പറവൂർ എസ്. ഐ. എം. പി. പോളി, പറവൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് സ്റ്റേഷൻ ഓഫീസർ ജോസ് ജെയിംസ്, ലിസി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നാട്ടിലെ വിവിധ സംഘടന പ്രതിനിധികൾ മരിയ ജെ. പടയാട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
ചടങ്ങിൽ മരിയയുടെ മാതാപിതാക്കളായ ജോസഫ് പടയാട്ടിയെയും ലാലി ജോസഫിനെയും ആദരിച്ചു.
മരിയയുടെ മൂത്ത സഹോദരിമാരായ ജൂലി ജെ.പടയാട്ടിയും, ലിയ ജെ. പടയാട്ടിയും നീന്തൽ താരങ്ങളാണ്. ജൂലി ഖത്തറിൽ നീന്തൽ അധ്യാപികയായി ജോലി ചെയ്യുന്നു.
മരിയയുടെ വിജയം നാട്ടിലെ വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും പ്രചോദനമാകട്ടെ എന്ന് അഡ്വ. വി. ഡി.സതീശനും, പ്രസിഡണ്ട് ശാന്തിനി ഗോപകുമാറും , മറ്റ് പ്രാസംഗികരും ഉദ്ബോധിപ്പിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ എം കെ രാജേഷ് സ്വാഗതവും അഡ്വക്കേറ്റ് എ ജയകുമാർ നന്ദിയും രേഖപ്പെടുത്തി.
ലാലു ശങ്കരന്മാരിൽ, എം.കെ. ശശി എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി.
kerala
SHARE THIS ARTICLE