ആരോഗ്യം
തേങ്ങ
തേങ്ങയുടെ വില കൂടിവരുന്ന കാലമാണ്. ഔഷധം എന്ന നിലയിലും ഒരുപാട് മൂല്യമുളളതാണ് തേങ്ങ.
കല്പവൃക്ഷമാണ് തെങ്ങ്. ജീവന്റെ വൃക്ഷം എന്നൊക്കെ ഇതിനെ വിശേഷിപ്പിക്കാറുണ്ട്. ആയുർവേദത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളിൽ പ്രധാനപ്പെട്ട അഷ്ടാംഗഹൃദയത്തിൽ നാളികേരം എന്ന വിലയേറിയ ഫലൗഷധത്തിന്റെ ആരോഗ്യഗുണങ്ങൾ ശാസ്ത്രീയമായി പ്രതിപാദിക്കുന്നുണ്ട്.
ചിരകിയ നാളികേരം പച്ചയ്ക്കോ വേവിച്ചോ ഉപയോഗിക്കാം. പച്ചത്തേങ്ങയിൽ നിന്നോ കൊപ്രയാക്കി ആട്ടിയോ വെളിച്ചെണ്ണയെടുത്ത് ഉപയോഗിക്കാം. നാളികേരപ്പാലും, തേങ്ങാവെളളവും എടുത്തുപയോഗിക്കാം. ദിവസേനയുളള ഭക്ഷണത്തിന്റെ ഭാഗമായി കരുതലോടെ ഉപയോഗിക്കാവുന്ന ഔഷധമാണ് തേങ്ങ എന്നു പറയാം.
ശരീരത്തിലെ ജീവൽപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മൂന്ന് ദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയെ സന്തുലിതമാക്കാനുള്ള കഴിവ് തേങ്ങയ്ക്ക് ഉണ്ട്. ആരോഗ്യമുള്ള ശരീരത്തിനാവശ്യമായ പോഷകങ്ങളാൽ സമ്പുഷ്ടമാണ് തേങ്ങ. വിറ്റാമിൻ സി, ബി കോപ്ലക്സ് വിറ്റാമിനുകൾ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ ഊർജ്ജ ഉൽപാദനത്തിനും രോഗപ്രതിരോധ പ്രവർത്തനത്തിനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിനും മാംസപേശികളുടെ പ്രവർത്തനത്തിനും രക്തചംക്രമണത്തിനും വേണ്ട പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് സെലീനിയം, ഫോസ്ഫറസ്, തുടങ്ങിയ പ്രധാന ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്താനും ഇതിന്‍റെ ഉപയോഗം സഹായിക്കുന്നു.
തേങ്ങയുടെ ഏറ്റവും മികച്ച സവിശേഷതകളിൽ ഒന്ന് അതിലെ ആരോഗ്യകരമായ കൊഴുപ്പുകളാണ്. മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡ്സ് വിഭാഗത്തിൽ പെട്ടവയാണ് ഇവ. മറ്റ് കൊഴുപ്പുകളിൽ നിന്ന് വ്യത്യസ്തമായി, വേഗത്തിൽ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടുന്നു എന്നതാണ് ഇവയുടെ പ്രത്യേകത. തേങ്ങയിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിയന്ത്രിക്കാനും കോശങ്ങളെ സംരക്ഷിക്കാനും പര്യാപ്തമാണ്.
ശരീരപോഷണം, ശരീരകലകളിലും ആന്തരികാവയവങ്ങളിലും ഉണ്ടാകുന്ന ക്ഷയങ്ങൾ, ക്ഷതങ്ങൾ എന്നിവയും ചുട്ടുപുകച്ചിലും ശമിപ്പിക്കൽ, രക്തശുദ്ധി , പിത്തപ്രവർത്തനങ്ങളെ സമീകരിക്കൽ, ശരീരത്തിന് സ്നിഗ്ധത നൽകൽ, കഫപ്രവർത്തനങ്ങളെ വർദ്ധിപ്പിക്കൽ, ലൈംഗിക ശേഷി മികവുറ്റതാക്കൽ എന്നിവ തേങ്ങയുടെ ഉപയോഗം മൂലം ഉണ്ടാകുന്നതായി അഷ്ടാംഗഹൃദയത്തിൽ പറയുന്നു. ഗുരുഗുണം ഉളളതിനാൽ ദഹനത്തിന് സമയമെടുക്കും. വിഷ്ടംഭി എന്ന ഗുണം കാരണം മലബന്ധവും വയർവീർത്തതു പോലുളള അസ്വസ്ഥതകളും ചിലരിൽ ഉണ്ടാക്കാം.
തേങ്ങാവെളളത്തിന്റെ ഗുണങ്ങൾ അഷ്ടാംഗഹൃദയത്തിൽ പറയുന്നത് ഇങ്ങനെയാണ്. ശരീരത്തിലെ സന്ധികൾക്കും ആവരണകലകൾക്കും എണ്ണമയം നൽകുന്നു. ധാതുബലം നൽകുന്നു. കുട്ടികൾക്ക് പ്രത്യേകിച്ചും നല്ലതാണ്. അമിതമായ ദഹനപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നു. വിശപ്പുണ്ടാക്കുന്നു. വാതപിത്തരോഗങ്ങളെ ശമിപ്പിക്കുന്നു. മൂത്രാശയസംബധിയായ പ്രശനങ്ങൾക്ക് വളരെ ഫലപ്രദമാണ്. ദാഹശമനിയാണ്.
വെളിച്ചെണ്ണ ത്വക്കിലെ ജലാംശം നിയന്ത്രിക്കാനും യുവത്വം നിലനിർത്താനും സഹായിക്കുന്നു. വരണ്ട ചർമ്മത്തെ ചികിത്സിക്കാനും വീക്കം കുറയ്ക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാനും നല്ലതാണ്. എക്സിമ, സോറിയാസിസ്, താരൻ വിവിധതരം ഫംഗൽ അണുബാധകൾ തുടങ്ങിയവയിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നു.
തേങ്ങയിൽ ധാരാളമായി അടങ്ങിയ നാരുകൾ മലബന്ധം തടയാൻ സഹായിക്കുന്നു, ഇവ ശരീരത്തിലെ സ്വാഭാവിക ഇലക്ട്രോലൈറ്റുകളെ നിലനിർത്തുന്നതിനും മികച്ചതാണ്.
രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമാക്കുക, അമിതമായ ശരീര ഭാര നിയന്ത്രണം സാധ്യമാക്കുക, പോഷകപ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയും തേങ്ങയുടെ ഗുണങ്ങളാണ്. ഉന്മേഷദായക സ്വഭാവമാണ് മറ്റൊന്ന്.
സൂപ്പുകളും സ്മൂത്തികളും മുതൽ കറികളും മധുരപലഹാരങ്ങളും വരെയുള്ള പലതരം ഭക്ഷണങ്ങളിൽ തേങ്ങ ഉൾപ്പെടുത്താം. വിലപ്പെട്ട ഒരു സമീകൃതാഹാരമായി തന്നെ ഇതിനെ അംഗീകരിക്കുന്നുണ്ട്.
തേങ്ങയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച് പല സംശയങ്ങളും ഉയർന്നുവന്നിട്ടുണ്ട്, അവയെ തള്ളിക്കളയുന്ന പഠനങ്ങളും വന്നിട്ടുണ്ട്. ഏതു കാര്യത്തിലും മിതമായ അളവിൽ ആവശ്യാനുസരണം മാത്രം ഉപയോഗിക്കുക എന്നതാണ് ശാസ്ത്രീയമായ രീതി. അതാണ് ആരോഗ്യസംരക്ഷണത്തിന്‍റെ പ്രധാനമാർഗ്ഗം
Dr. കെ.എ. രവി നാരായണൻ BAMS, PG Dip in Journalism
ഫോൺ - 8301040304
kerala
SHARE THIS ARTICLE