All Categories

Uploaded at 5 days ago | Date: 25/06/2025 13:11:46

കഥ 

വിലയിരുത്തൽ 

എൻട്രൻസ് പരീക്ഷകളുടെ ചൂട് പിടിച്ചിരിക്കുന്ന സമയം . 
രാവിലെ തന്നെ മക്കളെയും കൂട്ടി പരീക്ഷാസെന്ററിലേക്ക് യാത്രയായി.  സ്കൂൾ മുറ്റം നിറയെ രക്ഷിതാക്കളാണ്. തങ്ങളുടെ കുട്ടികളെ ഡോക്ടറോ എഞ്ചിനീയറോ ആക്കണം. ആ ചിന്തയിലാണ് എല്ലാവരും. 

കുട്ടികൾ പരീക്ഷാ ഹാളിൽ കയറിക്കഴിഞ്ഞു. രക്ഷിതാക്കൾ കൂട്ടം കൂടിയിരുന്ന് വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ്. അതിലൊരാളായി താനും കുറച്ചു മാറിയിരുന്നു . അതിനിടയിൽ എഞ്ചിനീയറിംഗ് കോളേജുകളുടെ പരസ്യ നോട്ടീസുകൾ പലതും തന്റെ കയ്യിലും എത്തി. എല്ലാവരും അതിലെ ഓരോ കോഴ്സുകളും വായിച്ച് വാതോരാതെ അഭിപ്രായം പറഞ്ഞുകൊണ്ടിരിക്കുകയാണ്. 

തന്റെ കയ്യിൽ വന്ന ഒരു നോട്ടീസ് പോലും വായിക്കാൻ മിനക്കെട്ടില്ല. ഓരോ പേപ്പർ കിട്ടുമ്പോഴും അത് അപ്പുറത്തേക്ക് മാറ്റി വെക്കുകയും ചെയ്തു കൊണ്ടിരുന്നു. 

പെട്ടെന്നാണ് അവരുടെ ഉറക്കെയുള്ള സംസാരവും ചിരിയും തന്റെ ശ്രദ്ധ അങ്ങോട്ടാക്കിയത്. കമന്റുകൾ കാതിലേക്ക് ഒഴുകിയെത്തി. 

“ ഒന്നും വയിക്കാനറിയില്ലായി രിക്കും . അതെങ്ങനെ അച്ഛനമ്മമാർ മക്കളെ പഠിപ്പിച്ചാലല്ലേ വല്ലതും അറിയാനാകൂ. എന്നെ പത്താം ക്ലാസ് വരെ പഠിപ്പിച്ചു, എന്നെ പ്ലസ് ടൂ വരെ പഠിപ്പിച്ചു”.  എന്നിങ്ങനെ ഓരോരുത്തരും പറയുകയും എന്നെ നോക്കി പരിഹസിക്കുകയും ചെയ്യുന്നത് ഞാനറിഞ്ഞു. എന്നാലും ഒരു ഭാവഭേദവുമില്ലാതെ അവിടെത്തന്നെയിരുന്നു. 

അങ്ങനെ അവരുടെ വാചകമടി നിർബാധം തുടരുന്നതിനിടെ തന്റെ സുഹൃത്തും ആ വിദ്യാലയത്തിലെ പ്രിസിപ്പലുമായ ടീച്ചർ അതുവഴി വന്നത്.  തന്നെ കണ്ട ഉടൻ അവർ അടുത്തേക്കു വന്നു. “ ഹായ് ഡോക്ടർ എന്താ ഇവിടെ? ആരാ എക്സാമിന്? വരൂ നമുക്ക് ഓഫീസിലിരിക്കാം. “ ക്ഷണം സ്നേഹപൂർവ്വം നിരസിച്ചു കൊണ്ട് താൻ അവിടെത്തന്നെയിരുന്നു. 

ഞങ്ങളുടെ സംസാരം ശ്ര വിച്ചതുകൊണ്ടാകാം  പിന്നെ പഠിപ്പിസ്റ്റുകളായ രക്ഷിതാക്കളുടെ നാവ് പൊങ്ങിയിട്ടേയില്ല. എല്ലാവരുടെയും വായ ആരോ പശവച്ചടച്ചതു പോലെയായി. എങ്ങും നിശബ്ദത . തങ്ങളുടെ എല്ലാ പൊങ്ങച്ചങ്ങളും താഴെ വീണ പപ്പടം കണക്കെ തകർന്നുപോയതിനാലാവാം പരീക്ഷ കഴിഞ്ഞ് കുട്ടികൾ വരുന്നതു വരെ ആരും വാ തുറന്നിട്ടില്ല. 

തങ്ങൾക്ക് പറ്റിയ അമളി എങ്ങനെ മറച്ചു വെക്കുമെന്ന ആശങ്കയിലാകാം പരസ്പരം മുഖത്തു പോലും നോക്കാതെ പല വഴിക്ക് കണ്ണുകൾ പായിച്ചു കൊണ്ടിരുന്നു. അഹന്തയ്ക്ക് അറുതി വന്നതു പോലെ…..

     ( മേരി തോമസ്)

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.