All Categories

Uploaded at 2 days ago | Date: 28/06/2025 21:15:38

*അത്താഴപൂജ* (മിനിക്കഥ)

✍️സുനിൽരാജ്സത്യ

വറുത്ത  കപ്പലണ്ടിമണം പരക്കുന്ന സ്ററാച്യു കവലയിലെ വൈകുന്നേരങ്ങൾ അയാൾക്ക് പ്രിയപ്പെട്ടതായിരുന്നു.

അന്നും പതിവുപോലെ, ക്ഷേത്രത്തിലേക്ക് ദർശനമായി  നിൽക്കുന്ന മഹാരാജാവിന്റെ പ്രതിമയ്ക്കരികേ,  കൈയിലൊരുവാളം കപ്പലണ്ടിയെടുത്ത് കൊറിച്ച് അയാൾ വന്നുനിന്നു.

ക്ഷേത്രഗോപുരം കടന്ന്, തുടുത്തസൂര്യൻ പൂർണ്ണാ നദിയിലേയ്ക്കിറങ്ങിക്കാണും!! 

നേരം ഇരുട്ടി. രാജപ്രതിമയ്ക്ക് തണലൊരുക്കിയ കനത്ത വാകമര ശിഖരികളിലാകെ, ചേക്കേറിയ കിളികളുടെ ''നാടോടിപ്പദ''ങ്ങൾ മുഴങ്ങി!!

കവലയിലെ ആളൊഴിഞ്ഞ മൂലയിൽ രണ്ട് അന്ധഗായകർ ഉപജീവനാർത്ഥം ''മാരിവില്ലിൽ തേന്മലരേ....'' പാടിക്കിതയ്ക്കുന്നതിലേയ്ക്ക് അയാൾ തിരിഞ്ഞു. 

അവരുടെ ഓട്ടോ ഡ്രൈവർ, കളക്ഷൻ ബക്കറ്റ് പാടാൻ നിൽക്കുന്നതിന്റെ മുന്നിലൊരു സ്ററൂളിൽ വച്ച്, ആട്ടോയുടെ പുറകിലെ സീറ്റിൽ മൊബൈലിൽ മുഴുകി.

ദീപാരാധന കഴിഞ്ഞുവരുന്ന സ്ത്രീജനങ്ങൾ ആരൊക്കെയോ കളക്ഷൻബക്കറ്റ് കിലുക്കി നടന്നു.  

തുച്ഛമെങ്കിലും മെച്ചമെന്ന് കണ്ടുനിന്ന അയാൾ ചിന്തിച്ചു. 

ചില പാട്ടുകളോട്, അയാൾക്ക് വളരെ ഇഷ്ടം തോന്നിയിരുന്നെന്ന് അയാളുടെ ചലിക്കുന്ന വിരലുകളിൽ തെളിഞ്ഞിരുന്നു..

അവരെ സഹായിക്കാൻ അയാളുടെ ഉള്ളം തുടിച്ചു. പക്ഷേ, അവരെ കൊണ്ടുവന്ന ആട്ടോക്കാരന്റെ പെരുമാറ്റം അയാളിൽ സംശയം വളർത്തി. 

-ഭിക്ഷാടനത്തിന്റെ പുതിയമുഖമാവില്ലേ...ഇത്..?

ക്ഷേത്രത്തിലെ അത്താഴപ്പൂജയുടെ മേളങ്ങൾ കേൾക്കുന്നു. 
ദേവന് ആഹാരം നൽകുന്ന തിരക്കിലാണ് ''നിരീശ്വര ദേവസ്വം'' കമ്മറ്റികൾ.

വിശന്നുവലഞ്ഞവരുടെ പാട്ടിന്റെ മധുരം, വിശപ്പറിയുന്നവനേ മനസ്സിലാവൂ...

അലങ്കാരവെട്ടങ്ങളില്ലാത്ത, ഒരുമൂലയിലെ പാട്ടുനിർത്തി അവർ ബക്കറ്റ് എടുത്തപ്പോൾ വിശപ്പ് പുകഞ്ഞ് തീവന്ന മൂക്കിലേയ്ക്ക് അത്താഴപ്പൊതിയുടെ ഇലഗന്ധം ചൂഴ്ന്നുകയറിയതുണ്ടാക്കിയ അവരുടെ മുഖങ്ങളിലെ അവർണ്ണനീയ ഭാവം കണ്ട് രാജപ്രതിമയും പുഞ്ചിരിച്ചത് ഒരു വാഹനത്തിന്റെ നുറുങ്ങുവെട്ടത്തിൽ കാണാമായിരുന്നു.
.അയാൾ, അടുത്തുള്ള ഹോട്ടലിൽനിന്നും നിറമനസ്സോടെ ഇറങ്ങി നടന്നു.

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.