All Categories

Uploaded at 3 weeks ago | Date: 09/08/2025 18:12:23

ചെറുകഥ

ഓർമ്മകളിലൂടെ.. ഒരല്പ നേരം

     അച്ഛൻ്റെ ഒന്നാം ശ്രാദ്ധദിനം. മുറപോലെ കർമ്മങ്ങളെല്ലാം ചെയ്ത് കൃത്യസമയത്തു തന്നെ ഇരിപ്പിടത്തിലെത്തിയെങ്കിലും അവരുടെ മനസ്സിൽ ആ ഓർമ്മകൾ മാത്രമായിരുന്നു.
     പരിഹാസശരങ്ങളേറ്റു പിടയുമ്പോഴും തന്നെ ചേർത്തുപിടിച്ചാ പടികളിറങ്ങുമ്പോൾ അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞത് സ്വന്തം കൂടപ്പിറപ്പുകൾക്കുപോലും താനന്യനായ് മാറിയല്ലോ എന്നോർത്താവാം.
     മുളച്ചതോ? അതോ ആരാനും മുളപ്പിച്ചതിനെ സംരക്ഷിക്കുന്നതോ ? ആർക്കറിയാം
     പിറകിലുച്ചത്തിൽ കേട്ട ഈ വാക്കുകളുടെ അർത്ഥമറിയാൻ അന്നത്തെ പത്തുവയസ്സുകാരിയായ തനിക്ക്  പിന്നെയും കുറച്ചു വർഷങ്ങൾ വേണ്ടി വന്നു.
     അപവാദങ്ങൾ മത്സര ബുദ്ധിയോടെ പ്രചരിപ്പിച്ചവർക്കിടയിലൂടെ, തലയുയർത്തിപ്പിടിച്ച് ഓരോ ശ്വാസനിശ്വാസത്തിലും തന്നെക്കുറിച്ചും തൻ്റെ വളർച്ചയെക്കുറിച്ചും മാത്രം ചിന്തിച്ചു അവസരങ്ങൾ ഒരുക്കിത്തന്നിരുന്ന ആ മുഖത്തുനോക്കി യാതൊന്നും ചോദിച്ചറിയേണ്ട ആവശ്യം തനിക്കില്ലായിരുന്നു.
     അച്ഛൻ്റെ ആഗ്രഹങ്ങളിലെ ഓരോ പടവും കയറുമ്പോൾ ആ മനസ്സിലെ ആനന്ദം താനും അനുഭവിച്ചറിയുകയായിരുന്നല്ലോ. പക്ഷെ, എത്തണമെന്നാഗ്രഹിച്ച ആ പടിയും കൂടി കയറി തിരിഞ്ഞു നോക്കവെ അതു കാണാനും, ആനന്ദം പങ്കിടാനും അച്ഛന് കഴിഞ്ഞില്ലല്ലോ.  അതോർക്കുമ്പോൾ എങ്ങനെ കണ്ണുകൾ നിറയാതിരിക്കും, മനസ്സു പിടയാതിരിക്കും?
     മേശപ്പുറത്തിരിക്കുന്ന തൻ്റെ മേൽവിലാസമടങ്ങിയ കവറിൽ കണ്ണുകളുടക്കിയപ്പോൾ അതെടുത്തു പൊട്ടിച്ചു. സംശയിച്ച ആൾ തന്നെ. നാട്ടിൽ നിന്നും അച്ഛൻ്റെ പ്രിയ സുഹൃത്ത്.
      ആകാംക്ഷയോടെ മടക്കി വച്ച കടലാസ്സെടുത്തി നിവർത്തി  വായിക്കവെ, തറവാട്ടു വീട്ടിലെ ഭാഗം വയ്പും, വാങ്ങലും വിൽക്കലും എല്ലാമെല്ലാം അതിൽ വിവരിച്ചെഴുതിയിരുന്നു.
      എന്തിനാണിതൊക്കെ തന്നോടു പറയുന്നതെന്ന് അതിശയിച്ചു പോയി. എന്നാൽ ബാക്കി കൂടെ വായിച്ചപ്പോൾ എന്തായിരുന്നു തൻ്റെ മനസ്സിലെ വികാരം?
     അവസാനനാളുകളിൽ പോലും മൂത്തമകനെ ഒരു നോക്കു കാണാൻ മറ്റുള്ളവരാരും അനുവദിക്കാതിനാൽ കാണാനാകാതെ ആയുസ്സൊടുങ്ങിയ മാതാവ് പക്ഷെ അതിനും വളരെ മുൻപെ മറ്റാരുമറിയാതെ കാലശേഷം തൻ്റെ പേരിലുള്ള സ്വത്തുവകകൾ മൂത്തമകൻ്റെയും കൊച്ചുമോളുടെയും പേരിൽ പ്രമാണമാക്കിയിരുന്നെന്നറിയെ വിവിധ വികാരങ്ങളിൽ ഓളം തല്ലിയ മനസ്സ് ഒരിക്കൽ മാത്രം കണ്ട ആമുഖം ഓർത്തടുക്കാൻ ശ്രമിച്ചു നോക്കി. കഴിയാതെ വന്നപ്പോൾ കത്തിലെ ബാക്കി വരികളിലേക്കു ശ്രദ്ധ തിരിച്ചു.
     തറവാടു തങ്ങൾക്കന്യമാണെന്നു മനസ്സിലാക്കിയവർ തന്നെത്തേടി വരാനൊരുങ്ങുന്നുണ്ടെന്നും, അവർ എന്തിനും മടിക്കാത്തവരാണെന്നും ഒടുവിൽ മോളുസൂക്ഷിക്കണം എന്ന ഉപദേശവും കണ്ടപ്പോൾ വളരെ ലാഘവത്തോടെ ചുണ്ടിൽ വിരിഞ്ഞ ചിരിക്കു പിന്നിലും അച്ഛനെന്ന പാഠപുസ്തകം മുന്നിലിന്നും നിറഞ്ഞു നിൽക്കുന്നതു കൊണ്ടുതന്നെയാണ്.
   ആ ഓർമ്മകൾ   ഈറനണിയിച്ച മിഴികൾ തൂവാല കൊണ്ടു തുടയ്ക്കവെ, എന്തുപറ്റി ഡോക്ടർ എന്ന നഴ്സിൻ്റെ ചോദ്യത്തോട് ഒന്നുമില്ല പേഷ്യൻ്റിനെ വിളിച്ചോളൂ എന്നു പറയുമ്പോഴും അച്ഛനേക്കാൾ വിലയേറിയതൊന്നും തൻ്റെ ജീവിതത്തിലില്ലെന്ന ഉത്തമ ബോദ്ധ്യത്തോടെ ഉൾക്കരുത്തോടെ വർത്തമാനകാലത്തിലേക്ക് .....
                         

ഉമ മുല്ലപ്പിള്ളി.
                   .................

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.