ഉത്സവം എന്നാൽ എന്താണ്.ഭഗവത്ചൈതന്യമാകുന്ന ജലം നിറഞ്ഞിരിയ്ക്കുന്ന ക്ഷേത്രമാകുന്ന പാത്രത്തിൽ ക്രമേണ വന്നുചേരുന്ന ചോർച്ച (ചൈതന്യഹാനി) പരിഹരിച്ച് ഭഗവത്ചൈതന്യം താന്ത്രിക ക്രിയകളാൽ കവിഞ്ഞുതുളുമ്പി ഒഴുകുന്നത്ര നിറയ്ക്കുകയാണ് ഉത്സവംകൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ഉത്സവാവസാനത്തോടെ നടത്തുന്ന പള്ളിവേട്ടയുടെ ചടങ്ങുമൂലം ഭഗവത്ചൈതന്യം ക്ഷേത്രമതിൽക്കെട്ടിൽ നിന്നും നിറഞ്ഞുകവിഞ്ഞൊഴുകി ആ ദേശത്തെ മുഴുവൻ ആമഗ്നമാക്കും......_
_സാധാരണരീതിയിൽ ക്ഷേത്ര സങ്കേതത്തിൽ മാത്രം നിറഞ്ഞുനിൽക്കുന്ന ദേവചൈതന്യം (മൂലമന്ത്രസ്പന്ദനോർജ്ജം) ദേവൻ പുറത്തെഴുന്നള്ളിയ്ക്കപ്പെടുന്നതോടെ ആ ഗ്രാമത്തിലേയ്ക്ക് ഒഴുകുന്നു....._
_ഉത്സവം എന്ന വാക്കിന്റെ അർത്ഥം മേൽപ്പോട്ട് അഥവാ ഊർദ്ധ്വഭാഗത്തേയ്ക്കുള്ള ഒഴുക്ക് അല്ലങ്കിൽ പ്രവാഹം എന്നർത്ഥം......_
_ശരിയായ രീതിയിൽ പ്രതിഷ്ഠാകർമ്മം നിർവ്വഹിച്ചിട്ടുള്ളതും, ആചാരാനുഷ്ഠാനങ്ങൾകൊണ്ടും നിത്യപൂജകൾകൊണ്ടും ചൈതന്യ സമ്പുഷ്ടമാക്കുകയും ചെയ്തിട്ടുള്ള ക്ഷേത്രത്തിൽ മന്ത്രലോപത്താലോ പൂജിയ്ക്കുന്നവരുടേയോ ക്ഷേത്രത്തിലെ ജീവനക്കാരുടേയോ ജനങ്ങളുടേയോ ക്ഷേത്രത്തിലേ സമിതിയുടേയോ ഭാഗത്തുനിന്നും അറിഞ്ഞും അറിയാതേയും ഉണ്ടാകുന്ന തെറ്റുകൾമൂലം ചൈതന്യലോപം വന്നുചേരുമെന്നുള്ളത് തർക്കമറ്റ കാര്യമാണ്......_
_ദീർഘവീക്ഷണമുണ്ടായിരുന്ന നമ്മുടെ പൂർവ്വസൂരികൾ ഈ കുറവ് നികത്താനാണ് താന്ത്രിക ചടങ്ങുകൾക്ക് പ്രാധാന്യം നൽകി ”ഉത്സവം” എന്ന ആചാരാനുഷ്ഠാനങ്ങൾ ഏർപ്പെടുത്തിയത്....._
_ക്ഷേത്രമാകുന്ന ശരീരത്തിൽ കുടികൊള്ളുന്ന ദേവന്റെ ഷഢാധാരപത്മങ്ങൾ ഉൾക്കൊള്ളുന്ന മേരുദണ്ഡിനേയാണ് (നട്ടെല്ല്) കൊടിമരം പ്രതിനിധാനം ചെയ്യുന്നത്. ഈ കൊടിമരത്തിന്റെ മുകളിൽ ദേവവാഹനം പ്രതിഷ്ഠിച്ചിരിയ്ക്കും. ദേവചൈതന്യം സഹസ്രാര പത്മത്തിൽ നിന്നും പ്രവഹിയ്ക്കുന്നതിനാൽ ദേവവാഹനം കൊടിമരത്തിന്റെ മുകളിൽ പ്രതിഷ്ഠിയ്ക്കുന്നതിന്റെ ഔചിത്യം മനസിലാക്കാം...._
_കൊടിയേറ്റവും ഉത്സവാരംഭവും:_
_കൊടിക്കൂറയെ ശക്തികൊണ്ട് പൂജിച്ച് അതോടൊപ്പം നാദംകൊണ്ട് പൂജിച്ച ഒരു മണിയും കൂട്ടികെട്ടിയാണ് കൊടിയേറ്റ് നടത്തുന്നത്. മേരുദണ്ഡമായ കൊടിമരത്തിൽ ഉള്ള ”ഇഡാ-പിംഗള” നാഡികളാണ് കൊടിയേറ്റ് സമയത്ത് കൊടിമരത്തിൽ വച്ചുകെട്ടുന്ന ആലും മാവും....._
_കൊടിയേറ്റ് പ്രക്രിയയിൽ ‘വായു’വാകുന്ന കയറും ‘അഗ്നി’യാകുന്ന ധ്വജവും ഒരുമിച്ച് പ്രവർത്തിയ്ക്കുന്നു. കൊടിക്കൂറ കുണ്ഡലിന്യാഗ്നിയേ പ്രതിനിധാനം ചെയ്യുന്നു....._
_വിചിത്ര വർണ്ണാങ്കിതമായ കൊടിക്കൂറയുടെ അഗ്രഭാഗം ത്രികോണാകൃതി ആയിരിയ്ക്കും. രണ്ട് ത്രികോണങ്ങളോടുകൂടിയ അരുണവർണ്ണാഭമായ ധ്വജമാണ് സനാതന ധർമ്മത്തിന്റെ ധ്വജം. അതുതന്നേയാണ് പൗരാണികമായി കേരളത്തിലേ ക്ഷേത്രങ്ങളിൽ ഉപയോഗിയ്ക്കുന്ന ധ്വജവും. ത്രികോണങ്ങൾക്ക് താഴെ ചിത്രപ്പണികൾ തുന്നിചേർത്തിരിയ്ക്കുന്നു എന്നുമാത്രം._
_ഈ ധ്വജത്തിലെ ത്രികോണങ്ങൾ ഊർദ്ധമുഖമായി വരുന്ന യോഗാഗ്നിയേ സൂചിപ്പിയ്ക്കുന്നു. ഉയർന്നുപൊങ്ങുന്ന കുണ്ഡലിന്യാഗ്നിയുടെ നിറമാണ് കൊടിക്കൂറയ്ക്ക്. വേദങ്ങളിൽ പ്രതിപാദിയ്ക്കുന്ന അഗ്നി ഇതത്രേ.... ചുരുക്കത്തിൽ കോടിയേറ്റെന്നാൽ ഉത്തമ സാധകനിൽ ഗുരുനാഥൻ ചെയ്യുന്ന കുണ്ഡലിനീ പ്രബോധനം തന്നേയാണ്..._
_ഇവിടെ ക്ഷേത്രമെന്നത് അതാത് ദേവതാമന്ത്രം സാധന ചെയ്തുകൊണ്ടിരിയ്ക്കുന്ന ഉത്തമ സാധകനായും ഉത്സവകൊടിയേറ്റ് ഗുരു(തന്ത്രി)വിന്റെ സാന്നിദ്ധ്യത്തിൽ (മേൽനോട്ടത്തിൽ) ആ ഉത്തമ സാധകൻ ചെയ്യുന്ന കുണ്ഡലിനി പ്രബോധനമായും കരുതണം....._
_മുളപൂജ....._
_കൊടിയേറ്റിന് ശേഷം മുളയറയിൽ 16 പാലികകളിലായി അതാത് ദേവന് പറഞ്ഞിട്ടുള്ള ധാന്യവിത്തുകൾ പാകി മുളപ്പിയ്ക്കുന്ന ചടങ്ങാണിത്. 16 പാലികകൾ ചന്ദ്രന്റെ 16 കലകളെ സൂചിപ്പിയ്ക്കുന്നു. മുളപൂജയ്ക്ക് ആവാഹിയ്ക്കുന്നത് സാധാരണ സോമനേയും വിഷ്ണുവിനേയുമാണ്. സോമൻ ചന്ദ്രമണ്ഡലത്തിലധിഷ്ഠിതമായ അമൃതചൈതന്യവും വിഷ്ണു അതിൽ യോഗനിദ്ര പ്രാപിച്ചിരിയ്ക്കുന്ന പരമാത്മാവും അത്രേ.... അങ്ങനെ ഈ പാലികകൾ സഹസ്രാരപത്മമായ ചന്ദ്രമണ്ഡലത്തിന്റെ പ്രതീകമായിത്തീരുന്നു. ഉത്സവാവസാനം നടത്തുന്ന ”പള്ളിക്കുറുപ്പ്” എന്നറിയപ്പെടുന്ന ചടങ്ങിന് ധാന്യങ്ങൾ മുളപ്പിച്ച മുളപാലികകൾ അത്യാവശ്യമാണ്._
_കൊടിയേറ്റുമുതൽ മുളയറയിൽ ദിവസേന മുളപൂജ നടത്തുന്നു. പാലികയിൽ വിതയ്ക്കുന്നതിന് മുമ്പ് വിത്ത് അമൃതിന്റെ പ്രതീകമായ പാലിൽ കഴുകി ആണ് വിതയ്ക്കുന്നത്. ബീജരൂപേണയുള്ള ചൈതന്യം മുളച്ചുണരുന്നതും പൂർണ്ണമാകുന്നതും ഷോഡശകലകളിലൂടെ എന്ന് ഇതിലൂടെ അറിയാം. കൊടിയേറ്റും മുളപൂജയും കഴിഞ്ഞാൽ അന്നുരാത്രിതന്നെ വിസ്തരിച്ചുള്ള ഒരു പൂജയും അതിന്റെ നിവേദ്യസ്ഥാനത്ത് ശ്രീഭൂതബലിയും നിർബന്ധമാണ്._
_ശ്രീഭൂതബലി: (ഉത്സവബലി)_
_സമ്പൂർണ്ണമായ ഒരു പൂജയാണിത്. ഇതിനായി മൂലബിംബ സമീപത്തുള്ള അകത്തേ ദ്വാസ്തന്മാർ, മണ്ഡപത്തിലുള്ള വാഹനം, പുറകിലുള്ള അനന്തൻ, തെക്കേ നടയിൽ ഇടത്തും വലത്തുമുള്ള ദക്ഷിണാമൂർത്തി ഗണപതി, പുറത്തെ ദ്വാസ്തന്മാർ, ഇന്ദ്രാദി അഷ്ടദിക്പാലകർ, ഊർദ്ധ്വദിക്കിനധിപനായ ബ്രഹ്മാവ്, അധോദിക്കധിപനായ അനന്തൻ, വീരഭദ്ര ഗണപതിസമേതരായ ബ്രാഹ്മി തുടങ്ങിയ സപ്തമാതൃക്കൾ, അതിനടുത്തുള്ള ശാസ്താവ്, വായൂപീഠത്തിനടുത്തുള്ള ദുർഗ്ഗ, സോമന്റെ ബലിക്കല്ലിനടുത്തുള്ള സുബ്രഹ്മണ്യൻ, അതിനടുത്തുള്ള വൈശ്രവണൻ, അവസാനമായി ഈശാനകോണിൽ ശിവലിംഗാകൃതിയിൽ കാണുന്ന ബലിപീഠത്തിൽ കുടികൊള്ളുന്ന നിർമ്മാല്യധാരി എന്നീ ദേവതകൾക്കും അവരുടെ പാർഷദന്മാർക്കും ബലിതൂകുന്നു...._
_തുടർന്ന് നാലമ്പലത്തിന് വെളിയിലുള്ള ബലിപീഠങ്ങളിലും അതിന്റെ സമാപനമായി വലിയ ബലിക്കല്ലിലും തൂകി പ്രദക്ഷിണമായി വന്ന് ക്ഷേത്രപാലന്റെ പീഠത്തിൽ പാത്രത്തോടെ നിവേദിച്ച് ബലിതൂകൽ പൂർത്തിയാക്കുന്നു. ഇതോടെ ശ്രീഭൂതബലി (ഉത്സവബലി) ചടങ്ങുകൾ അവസാനിയ്ക്കുന്നു._
_ഈ ചടങ്ങുകളുടെ മുന്നോടിയായി വിളക്കുവച്ച് പാണികൊട്ടി പരിവാരങ്ങളെ ഉണർത്തി ദേവനെ ശീവേലി ബിംബത്തിലേയ്ക്ക് (ഉത്സവബിംബത്തിലേയ്ക്ക്) ആവാഹിച്ച് എഴുന്നെള്ളിയ്ക്കുന്നു....._
_ശ്രീഭൂതബലിയുടെ ചടങ്ങുകൾ:_
_വിസ്തരിച്ച്നടത്തുന്നതാണ് ഉത്സവബലി. ഇതിന്റെ പാണിയ്ക്ക് ”മരം” എന്ന പേരിലറിയപ്പെടുന്ന ഒരു പ്രത്യേക വാദ്യം ഉപയോഗിയ്ക്കുന്നു._
_ഉത്സവകാലങ്ങളിൽ ദേവന് ചൈതന്യ വർദ്ധനവിനായി പൂജിച്ച കലശങ്ങൾ ആടണമെന്ന് വിധി. അങ്ങനെ സഹസ്രാരപത്മത്തിൽ നിന്നും മൂലാധാരംവരെ വികസിച്ചുനിൽക്കുന്ന ക്ഷേത്രപുരുഷന്റെ ബിംബത്തെ പൂർണ്ണമായും സേചനം ചെയ്തുകൊണ്ട് താഴേയ്ക്കൊഴുകുന്ന അമൃതമാണ് ഈ വിശിഷ്ട കലശാഭിഷേകങ്ങൾ....._
_പള്ളിവേട്ട (ഭഗവത്ചൈതന്യപ്രസരണം)._
_ഉത്സവദിനങ്ങളിലുള്ള വിശേഷാൽ അഭിഷേകപൂജകളുടെ ഫലമായി ദേവചൈതന്യം ക്ഷേത്രഗാത്രത്തിൽനിന്നും നിറഞ്ഞുകവിഞ്ഞ് ഒഴുകുന്നതിന്റെ പ്രതീകമാണ് പള്ളിവേട്ട. അനുജ്ഞ വാങ്ങി ദേവചൈതന്യാംശത്തെ മൂലബിംബത്തിൽ നിന്നും ഉത്സവബിംബത്തിലേയ്ക്കാവാഹിച്ച് വിളക്കുവച്ച് പാണികൊട്ടി ദേവനെ സങ്കേതത്തിന് പുറത്തേയ്ക്ക് എഴുന്നെള്ളിയ്ക്കുന്നത് ഭഗവത്ചൈതന്യം ഗ്രാമം മുഴുവൻ ഒഴുകിയെത്തുമെന്ന സങ്കൽപ്പത്തിലാണ്..._
_ഗ്രാമം ഒരു വ്യക്തിയായി കണക്കാക്കിയാൽ ആ വ്യക്തിത്ത്വത്തിലേയ്ക്ക് ചൈതന്യമാകുന്ന ക്ഷേത്രദേവത ഇറങ്ങിവന്ന് ആ ഗ്രാമമാകുന്ന വ്യക്തിയിലെ ആസുരീകവാസനകളെ നശിപ്പിയ്ക്കുന്ന പ്രക്രിയയായി പള്ളിവേട്ടയെ കണക്കാക്കാം...._
_പള്ളിക്കുറുപ്പ്:_
_പള്ളിവേട്ട കഴിഞ്ഞാൽ പിന്നെ പള്ളിക്കുറുപ്പായി. സാധകൻ സഹസ്രരപത്മത്തിൽ നിന്നുള്ള ചൈതന്യപ്രസരണം കഴിഞ്ഞാൽ സമാധിയിൽ ലയിയ്ക്കുന്നത് സാധാരണമാണ്. പള്ളിവേട്ട കഴിഞ്ഞ് വരുന്ന ദേവൻ അധവാ യോഗീശ്വരൻ സമാധി എന്ന സച്ചിതാനന്ദ പദം പൂകുന്നതാണ് പള്ളികുറുപ്പുകൊണ്ട് അർത്ഥമാക്കുന്നത്. ഈ സമയം ദേവന്റെ പള്ളികുറുപ്പ് സ്ഥലത്ത് തന്ത്രി (ഗുരു) ഉറങ്ങാതെയിരിയ്ക്കണമെന്ന് വിധി._
_ക്ഷേത്രാന്തരീക്ഷം പരിപൂർണ്ണ നിശബ്ധതയിലാണെന്ന് തന്ത്രി ഉറപ്പുവരുത്തണം. തുടർന്ന്, വിധിയനുസരിച്ച് പള്ളിയുണർത്തി പശുക്കുട്ടിയെ കണികാണിച്ച് അടുത്തദിവസത്തെ ചടങ്ങുകൾ തുടങ്ങണം...._
_തിരുവാറാട്ട് എന്നറിയപ്പെടുന്ന തീർത്ഥയാത്ര:_
_നിശ്ചിതദിവസം ദേവചൈതന്യം മൂലബിംബത്തിൽ നിന്നും ഉത്സവബിംബത്തിലേയ്ക്കാവാഹിച്ച് വിളക്കുവച്ച് പാണികൊട്ടി ദേവനെ പുറത്തെഴുന്നള്ളിയ്ക്കുന്നു. ഈ എഴുന്നെള്ളത്തിനൊപ്പം ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്നു. ഇതാണ് ആറാട്ട് ഘോഷയാത്ര._
_താന്ത്രികവിധി അനുസരിച്ച് ആറാട്ടെഴുന്നള്ളത്ത് തീർത്ഥയാത്രയായി സങ്കൽപ്പിച്ച് യാത്രാഹോമവും മറ്റും നടത്തുന്നു. സൂക്ഷ്മചിന്തയിൽ സമാധിസ്ഥനായ ദേവന്റെ സഹസ്രാര പത്മത്തിൽ നിന്നും നിർഗ്ഗളിയ്ക്കുന്ന യോഗവിഭൂതിയാണ് ആറാട്ട്... അതിനാൽ ആ ദേശക്കാരെല്ലാം തീർത്ഥയാത്രയെ അനുഗമിച്ച് ആ അമൃതപ്രവാഹത്തിൽ (ദേവൻ നീരാടിയ ശേഷം) കുളിച്ച് പുണ്യം നേടണം._
_കൊടിയിറക്ക്:_
_നീരാടി ഗ്രാമം ചുറ്റി തിരിച്ചെത്തുന്ന ദേവനെ ഉത്സവബിംബത്തിൽ നിന്നും മൂലബിംബത്തിലേയ്ക്കാവാഹിച്ച് കലശാഭിഷേകത്തോടേയുള്ള ശ്രീഭൂതബലിയും വിശേഷാൽ പൂജയും നടത്തി കൊടിയിറക്കുന്നു._
_അങ്കൂരാദി, ധ്വജാദി, പടഹാദി ഇങ്ങനെ മൂന്നു വിധത്തിലാണ് ഉത്സവങ്ങൾ ഉള്ളത്._
_ശുദ്ധിക്രിയയ്ക്കുശേഷം ”മുള”യിട്ട് കൊടിയേറ്റ് നടത്തുന്നത് അങ്കൂരാദിയും, ശുദ്ധിക്രിയയും മുളപൂജയും ഇല്ലാതെ കൊടിയേറ്റ് നടത്തുന്നത് ധ്വജാദിയും, കൊട്ടിപ്പുറപ്പാടും എഴുന്നള്ളത്തുകളുമായി നടത്തുന്നത് പടഹാദിയും ആകുന്നു..
ഭാരത സംസ്കാരം
SHARE THIS ARTICLE