വൈപ്പിൻ :- കായലുകളുടേയും കടലിന്‍റെയും പാടശേഖരങ്ങളുടേയും സാമീപ്യത്താല്‍ പ്രകൃതിരമണീയമായ കടമക്കുടിയുടെയും വൈപ്പിന്‍കരയുടെയും സമഗ്ര ടൂറിസം വേണമെന്ന് ആവശ്യം. കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഈ മാസം 12 , 13 തീയതികളിൽ സംഘടിപ്പിക്കുന്ന കടമക്കുടി - വാലി ഓഫ് ഹെവൻ വൈപ്പിൻ ടൂറിസം പ്രൊമോഷൻ ഇൻ്റർനാഷണൽ സെമിനാറിനു മുന്നോടിയായ ആലോചന യോഗത്തിലാണ് ആവശ്യമുയർന്നത്. ബോൾഗാട്ടി പാലസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ 30 ഡിപ്പാർട്ട് മെൻ്റുകളുടെയും തദ്ദേശ ഭരണ, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പങ്കെടുത്തു.
ടൂറിസം വികസനത്തിനും അതിനു നേരിടുന്ന വെല്ലുവിളികളും വിശദമായി വിലയിരുത്തിയ യോഗം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കടമക്കുട്ടിയുടെയും വൈപ്പിൻ മണ്ഡലത്തിൻ്റെ പൊതുവിലും ഉള്ള ടൂറിസം വികസന സാധ്യതകൾ അദ്ദേഹം വിശദമാക്കി.
ജലമാർഗം ഉൾപ്പെടെ ഗതാഗത മേഖലകളുടെ വികസനവും പരിപാലനവും അനിവാര്യമാണ്. കലാ-സാംസ്കാരിക മേഖലക്കു കൂടി ഉണര്‍വേകുന്നതിനായി ഈ പ്രദേശങ്ങളുടെ നൈസര്‍ഗികമായ സൗന്ദര്യവും അനന്തസാധ്യതകളും അനുയോജ്യമായ രീതിയില്‍ വിനിയോഗിക്കപ്പെടണം.
വാട്ടര്‍ സ്പോര്‍ട്ട്സ്, കാര്‍ഷികമേഖലയുടെ നിലനില്‍പ്പ്, മത്സ്യ വിഭവങ്ങളുടെ രുചിഭേദവും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളും, കലാസാംസ്കാരിക പൈതൃകം തുടങ്ങിയവക്ക് ഊന്നൽ നൽകണം.
തദ്ദേശവാസികളുടെ ജീവിത രീതികളും ക്രമങ്ങളും വെളിവാക്കണം. പൊക്കാളി നെല്ല് പോലെ തനതു വിളകളുടെ സവി ശേഷതകളും വ്യക്തമാക്കപ്പെടണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
15 ഓളം ദ്വീപുകളുടെ സമൂഹമായ കടമക്കുടിയുടേയും വൈപ്പിന്‍ കരയുടേയും വിനോദസഞ്ചാര സാധ്യതകളേയും നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ചും വിവിധ മേഖലയിലുള്ളവരുടെ വിദഗ്ദ്ധാഭിപ്രായങ്ങള്‍ സ്വരൂപിച്ചു. ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കുന്നതിനായാണ് 12, 13 തീയതികളില്‍ കടമക്കുടി ഇൻ്റർനാഷണൽ സംഗമം സംഘടിപ്പിക്കുകയാണ്. മന്ത്രിമാർ ഉൾപ്പെടെ പങ്കെടുക്കും.
കടമക്കുടി പഞ്ചായത്ത് പ്രസിഡൻ്റ് മേരി വിൻസെൻ്റ് അധ്യക്ഷയായി. ടൂറിസം ജോയിൻ്റ് ഡയറക്ടർ ഗിരീഷ്, ഡെപ്യൂട്ടി ഡയറക്ടർ ശ്രീകുമാർ ജി, ഡിടിപിസി സെക്രട്ടറി ലിജു ജോസഫ് തുടങ്ങിയവർ സംസാരിച്ചു.
ചർച്ചയിൽ ബ്ലോക്ക് പ്രസിഡൻ്റ് തുളസി സോമൻ, പഞ്ചായത്തു പ്രസിഡൻ്റുമാരായ നീതു ബിനോദ്, മിനി രാജു, രസികല പ്രിയരാജ് എന്നിവരും വിവിധ സ്ഥാപന പ്രതിനിധികളും സംസാരിച്ചു.
വൈപ്പിൻ
SHARE THIS ARTICLE