All Categories

Uploaded at 2 years ago | Date: 24/07/2021 10:04:50

വ്യക്തിമുദ്രകൾ 

 

       *ബാലകൃഷ്ണ കമ്മത്ത്*

 

     പി കെ ബാലകൃഷ്ണൻ്റെ പ്രസിദ്ധമായ ഒരു നോവലുണ്ട്, ' പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ '. നോവലിസ്റ്റ് താമസിച്ചിരുന്ന എടവനക്കാട് പ്രദേശവും ചാത്തങ്ങാട് മാർക്കറ്റും ഒക്കെ ഉൾപ്പെട്ട മനോഹരമായ ഒരു നോവൽ. അതിലെ കഥാപാത്രങ്ങൾ ഒക്കെ ഈ ബസാറുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്നവരാണ്. ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും ഇന്ന് രംഗം വിട്ടു കഴിഞ്ഞു.  

     ചാത്തങ്ങാട് ബസാറിനെ കുറിച്ച് ഓർക്കുമ്പോൾ ബസ് സ്റ്റോപ്പിന് പടിഞ്ഞാറ് വശം തെക്കേയറ്റത്തെ  ഒരു സൈക്കിൾ റിപ്പയറിംഗ് ഷോപ്പ് മനസ്സിലേക്കോടിയെത്തും. എല്ലാവർക്കും സുപരിചിതമായ കട. 

ആ കടയുടമയുടെ യഥാർത്ഥ പേര് രാമചന്ദ്ര കമ്മത്ത് ആണെന്ന് ഒട്ടുമിക്കവർക്കും അറിയില്ല. അയ്യമ്പിള്ളി പള്ളത്താംകുളങ്ങര സ്വദേശി .

     ഇന്നും ആ കട ഉണ്ട്. ഇപ്പോൾ അവിടെ സൈക്കിൾ റിപ്പയർ ചെയ്യുന്നത് അദ്ദേഹത്തിൻ്റെ മകൻ ബാലകൃഷ്ണ കമ്മത്ത് ആണ് .

     ചെറുപ്പംമുതലേ ഉപകരണങ്ങൾ നിർമ്മിക്കുന്നതിലും മറ്റും ശാസ്ത്രബോധം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ആ രംഗത്ത് കഴിവുകൾ വളർത്തിയെടുക്കാനുള്ള സാഹചര്യങ്ങൾ ഉണ്ടായില്ല. അതോടെ ആ മോഹം പാടേ ഉപേക്ഷിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അച്ഛൻ്റെ കൂടെ സൈക്കിൾ കടയിൽ തന്നെ ജോലി ചെയ്ത് പോന്നു.

      എന്നാൽ ബാലകൃഷ്ണൻ്റെ മനസ്സിൽ സംഗീതം ഒരു കരകാണാകടൽ പോലെ അനന്തമായി നീണ്ടു കിടന്നു.  അതിൻ്റെ തിരമാലകൾ അടിച്ച് മനസ്സ് എപ്പോഴും അസ്വസ്ഥമായിരുന്നു. 

      പിതാവിൻ്റെ കാല ശേഷം സൈക്കിൾ കട പൂർണമായി ഏറ്റെടുക്കുകയും ജീവിതത്തിൽ മുന്നോട്ടു പോവുകയും ആയിരുന്നു. 

      വിവാഹിതനായി രണ്ടു കുട്ടികളുടെ അച്ഛനും ആയപ്പോൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ കഴിവുകൾ വളർത്താൻ വീണ്ടും തടസ്സമായി. 

      എന്നാൽ കുട്ടികൾ വളർന്നു വന്നതോടെ അവരും അച്ഛൻ്റെ കഴിവുകളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കാൻ തയ്യാറായി. ഇളയ മകൻ ലിനേഷ്‌ ആണ് ബാലകൃഷ്ണന് ആവശ്യമായ സൗകര്യങ്ങൾ എല്ലാം ചെയ്തു കൊടുക്കുന്നത്.  എംകോം വിദ്യാർത്ഥിയായ മകൻ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടൻറ് ആയി ജോലിയും ചെയ്യുന്നുണ്ട്. 

     ബാലകൃഷ്ണൻ കുഴുപ്പിള്ളി സെൻറ് ഗ്രിഗോറിയോസ് സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സംഗീത അധ്യാപകനായ ആൻറണി മാഷാണ് സംഗീതത്തിൻ്റെ ആദ്യ പാഠങ്ങൾ പകർന്ന് നൽകിയത്. ഹാർമോണിയം വായിക്കുവാനും അദ്ദേഹം പഠിപ്പിച്ചു. പിന്നീട് ജയകുമാർ ഷേണായി, പ്രതാപൻ, നാരായണൻകുട്ടി, സെബി നായരമ്പലം തുടങ്ങിയവർ ഗുരുനാഥന്മാരും വഴികാട്ടികളുമായി.  ഗാനമേള, കഥാപ്രസംഗം, നാടകഗാനം തുടങ്ങിയവയ്ക്ക് ഹാർമോണിയം വായിക്കാൻ അവസരങ്ങൾ ലഭിച്ചു. 

     പത്ത് ഭക്തിഗാന ആൽബങ്ങൾക്ക് സംഗീതം ചെയ്തു. അതിൽ ചില ഗാനങ്ങൾ ആലപിക്കാനും കഴിഞ്ഞു. അതോടൊപ്പം തന്നെ നിരവധി കവിതകൾ സംഗീതം ചെയ്തിട്ടുണ്ട്. സെബി നായരമ്പലം സംഗീതം നൽകിയ ഗാനങ്ങളും ശ്രീ കൃഷ്ണ സുപ്രഭാതവും ഒക്കെ വളരെയധികം ശ്രദ്ധ നേടിയവയാണ്. ആകാശവാണിയിലൂടെ ഏതാനും ഭക്തിഗാനങ്ങൾ പാടാനുള്ള അവസരവും ലഭിച്ചു. 

കൊങ്കൺ ഗാനാലാപന രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. നിരവധി പേരുടെ ഗാനങ്ങളും കവിതകളും സംഗീതം പെയ്ത് ആലപിച്ച്  ഫെയ്സ് ബുക്കിലൂടെയും,യൂ ട്യൂബ് ചാനലിലൂടെയും  പ്രചരിപ്പിച്ചിട്ടുണ്ട്.

      2017 നു ശേഷം ഉമ്പായിയുടെ ഗസലുകൾ വേദിയിൽ അവതരിപ്പിക്കാൻ തുടങ്ങി. ഇതിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. കോവിഡ് രോഗത്തിൻ്റെ വ്യാപനത്തോടെ ഇതിൻ്റെ മുന്നോട്ടുള്ള പ്രയാണം തൽക്കാലത്തേക്ക് തടസ്സപ്പെട്ടിരിക്കുകയാണ്.

      തൊഴിലും സംഗീതവും ഒന്നിച്ച് മുന്നോട്ടു കൊണ്ടുപോവുകയാണ് ബാലകൃഷ്ണൻ. മുഴുവൻ സമയവും സംഗീതലോകത്ത് കാലുറപ്പിക്കാൻ കഴിയുന്ന ഒരു കാലം വിദൂരമല്ല എന്ന പരിപൂർണ്ണ ആത്മവിശ്വാസത്തിലാണ് ഇദ്ദേഹം. ബാലകൃഷ്ണൻ്റെ കഴിവുകൾ കണ്ടറിഞ്ഞ് നിരവധി പേർ ഇദ്ദേഹത്തെ വിവിധ പരിപാടികൾക്കായി ക്ഷണിക്കുന്നുണ്ട്.

ഫോൺ - 9539756277

 

( വി ആർ നോയൽ രാജ്)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.