All Categories

Uploaded at 2 years ago | Date: 23/06/2021 13:30:25

 

മുറ്റത്തെ മാവിന്റെ തണലിൽ മീനുവും കൂട്ടുകാരും കളിക്കുകയായിരുന്നു. അതൊരു വസന്തകാലമായിരുന്നു. മുറ്റത്തിന്റെ അരികിൽ നില്ക്കുന്ന ചെടികളിലും മരങ്ങളിലും നിറയെ പൂക്കൾ വിടർന്നിരുന്നു. പൂക്കളിൽ നിന്ന് തേൻ കുടിക്കാൻ ധാരാളം ചിത്രശലഭങ്ങളും കുഞ്ഞുകിളികളും എത്തുന്നുണ്ട്. എന്തൊരു രസമാണ് ഈ കാഴ്ച്ച കാണാൻ അവയുടെ ഇടയിൽ പൂത്തുമ്പികളെപോലെ മീനുവും കൂട്ടുകാരും ഓടിച്ചാടി കളിച്ചുരസിച്ചു നടന്നു.

ഇടയ്ക്ക് അവർ കണ്ണാരം പൊത്തിക്കളിക്കാൻ തീരുമാനിച്ചു. ഒരാൾ ഒരു മരത്തിന്റെ മറവിൽ നിന്ന് മുഖം പൊത്തിപ്പിടിച്ച് ഉച്ചത്തിൽ എണ്ണാൻ തുടങ്ങി.

മീനുവും ബാക്കിയുള്ളവരും പല സ്ഥലങ്ങളിലായിപ്പോയി ഒളിക്കാൻ തുടങ്ങി. മീനു ഒരു ചെറിയ മരത്തിനും മതിലിനിടയിലും ഒളിച്ചിരുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് ആ ചെറിയ മരത്തിന്റെ മുകളിലെ ചില്ലയിൽ ഒരു കിളിക്കൂട് കണ്ടത്. മീനു അത് ശ്രദ്ധിച്ചുകൊണ്ട് ഇരുന്നതിനാൻ എണ്ണിക്കൊണ്ടിരുന്ന കൂട്ടുകാരൻ എണ്ണിക്കഴിഞ്ഞതും ഒരോരുത്തരെ കണ്ടെത്താനുള്ള ശ്രമത്തിൽ മീനുവിന് സമീപം എത്തിച്ചേർന്നതും അറിഞ്ഞില്ല.

"കണ്ടേ....!"

മീനുവിനെ കണ്ടതിന്റെ സന്തോഷത്തിൽ നല്ല ഉച്ചത്തിലാണ് അവൻ വിളിച്ചു കൂവിയത്.

പെട്ടെന്ന് ആ കിളിക്കൂട്ടിൽ നിന്ന് ഒരു തത്തമ്മ ചിറകടിച്ച് പറന്നുയർന്നു.

കണ്ണാരംപൊത്തിക്കളിയിൽ തോറ്റതിന്റെ ജാള്യത തോന്നിയെങ്കിലും മീനുവിന് വലിയ സന്തോഷം തോന്നി.

മരത്തിന്റെ മുകളിൽ ഒരു തത്തമ്മയുടെ കൂട് കണ്ടു പിടിച്ചല്ലോ. ഇനിയതിൽ തത്തമ്മ മുട്ടയിട്ടിരിക്കുമോ? അങ്ങനെയാണെങ്കിൽ തത്തക്കുഞ്ഞുങ്ങളെ കാണാല്ലോ. മീനു ഇക്കാര്യം കൂട്ടുകാരെ അറിയിച്ചു.

ഇതറിഞ്ഞ എല്ലാ കൂട്ടുകാർക്കും വലിയ ആകാംക്ഷയായി. കൂട്ടിനുള്ളിൽ മുട്ടയുണ്ടോ, അതൊ കിളിക്കുഞ്ഞുങ്ങളുണ്ടോ എന്നറിയാനായി അവരിൽ ഒരാൾ ഏന്തിവലിഞ്ഞ് മരത്തിന്റെ മുകളിൽ കയറി.

"ഹായ്.... കൂട്ടിൽ നാല് മുട്ടയുണ്ട്. "

എല്ലാവർക്കും സന്തോഷമായി. മുട്ടകൾ വിരിയാൻ അവർ കാത്തിരുന്നു.

അങ്ങനെ കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിളിക്കൂട്ടിൽനിന്ന് ഒരു കുഞ്ഞിക്കിളിയുടെ മധുരശബ്ദംകേട്ടു.

ആദ്യം വിരിഞ്ഞ കുഞ്ഞിന് അവരെല്ലാവരും കൂടി "പിങ്കി " എന്ന് പേരിട്ടു. ചില ദിവസങ്ങളിൽ വീട്ടിൽ നിന്ന് പഴങ്ങൾ കൊണ്ടുവന്ന് അവർ കിളിക്കുഞ്ഞുങ്ങൾക്ക് നല്കും. അങ്ങനെ അവർ തത്തക്കുഞ്ഞുങ്ങളുടെ  നല്ല കൂട്ടുകാരായിമാറി.

മീനുവിന്റേയും കൂട്ടുകാരുടേയും  അവധിക്കാലം തീരാറായി. എല്ലാ ദിവസവും മീനുവും കൂട്ടരും കിളികുഞ്ഞിനോട് വർത്തമാനം പറയും. പതിവുപോലെ രാവിലെ എല്ലാവരും കൂടി കിളിക്കൂടിനടുത്ത് എത്തിയപ്പോൾ കിളിക്കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കുന്നില്ല. അവർക്കാകെ വിഷമമായി. ഒരാൾ മരത്തിൽ കയറിനോക്കി. കിളിക്കൂടൊഴിഞ്ഞ് കിടക്കുന്നു.

" ഈശ്വരാ.. വല്ല പൂച്ചയും കൂട്ടിൽ കയറി കിളിക്കുഞ്ഞിനെ പിടിച്ചുവോ?"

എല്ലാവരും കൂടി ദുഃഖത്തോടെ അവിടെയിരിക്കുമ്പോൾ മരത്തിന്റെ മുകളിൽ നിന്ന് ആരോ മീനുവിനെ വിളിക്കുന്നു.

"മീനു.... മീനു...''

എല്ലാവരും നോക്കുമ്പോൾ നാല് തത്തക്കുഞ്ഞുങ്ങൾ മരത്തിന്റെ ചില്ലയിൽ ഇരിക്കുന്നു.

"ആഹാ... നമ്മുടെ തത്തക്കുഞ്ഞുങ്ങൾ പറക്കാൻ പഠിച്ചു."

മീനുവിനും കൂട്ടുകാർക്കും ഒത്തിരിയൊത്തിരി സന്തോഷമായി.

 

വിസ്മയ. എം. പി

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.